കാസർഗോഡ്: ജില്ലയിൽ വോട്ടെണ്ണലിനായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. നാളെ രാവിലെ എട്ടിനാണ് രണ്ടു കേന്ദ്രങ്ങളിലായി ജില്ലയിൽ വോട്ടെണ്ണൽ ആരംഭിക്കുക. മഞ്ചേശ്വരം, കാസർഗോഡ്, ഉദുമ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കാസർഗോഡ് ഗവ. കോളജിലും കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിലും നടക്കും.
ആകെ 540 ഉദ്യോഗസ്ഥരെയാണ് ജില്ലയിൽ വോട്ടെണ്ണൽ പ്രക്രിയയ്ക്കായി നിയോഗിച്ചിട്ടുള്ളത്.
ആദ്യം എണ്ണിത്തുടങ്ങുന്നത് പോസ്റ്റൽ ബാലറ്റുകളായിരിക്കും. ഇവിഎമ്മിലെ വോട്ടുകൾ എണ്ണുന്നതിനായി പരമാവധി 14 കൗണ്ടിംഗ് മേശകൾ വീതം സജ്ജീകരിക്കും. ഒരു റൗണ്ടിൽ പരമാവധി 14 ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുക. കൃത്യത ഉറപ്പുവരുത്തുന്നതിനായി ഓരോ മണ്ഡലത്തിലെയും അഞ്ചുവീതം ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ നിർബന്ധമായും എണ്ണുന്നതാണ്.
രാഷ്ട്രീയ കക്ഷി ഏജന്റുമാർ വോട്ടെണ്ണൽ നിശ്ചയിച്ചിട്ടുള്ള സമയത്തിന് ഒരു മണിക്കൂർ മുമ്പെങ്കിലും ഹാജരായി നിയമന ഉത്തരവിന്റെ പകർപ്പ് റിട്ടേണിംഗ് ഓഫീസർക്ക് സമർപ്പിക്കണം. വോട്ടെണ്ണൽ ഹാളിൽ ഏജന്റുമാരും സ്ഥാനാർത്ഥികളും ഔദ്യോഗിക തിരിച്ചറിയൽ കാർഡ് വ്യക്തമായി പ്രദർശിപ്പിക്കണം. വോട്ടെണ്ണൽ ഹാളിനുള്ളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകർക്കും റിട്ടേണിംഗ് ഓഫീസർക്കും മാത്രമേ മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവാദമുള്ളൂ. മറ്റുള്ളവർ അവരുടെ ഫോണുകൾ വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്തെ ഡെപ്പോസിറ്റ് യൂണിറ്റുകളിൽ നിക്ഷേപിക്കണം.
സംഘർഷമൊഴിവാക്കാൻ കർശന നിർദേശങ്ങളുമായി പോലീസ്
വോട്ടെണ്ണൽ ഉൾപ്പെടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അവസാനഘട്ട പ്രവർത്തനങ്ങൾ സമാധാനപരമായി പൂർത്തീകരിക്കുന്നതിനായി ഇന്നലെ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ അധ്യക്ഷതയിൽ രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗം ചേർന്നു. വോട്ടെണ്ണലും തുടർന്നു നടക്കുന്ന ആഹ്ലാദ പ്രകടനങ്ങളും സമാധാനപരമാണെന്ന് ഉറപ്പുവരുത്താൻ എല്ലാവരുടെയും സഹകരണമുണ്ടാകണമെന്ന് കളക്ടറും ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡിയും പറഞ്ഞു.
വോട്ടെണ്ണൽ ദിനത്തിൽ സംഘർഷങ്ങളൊഴിവാക്കാനും ക്രമസമാധാനം നിലനിർത്തുന്നതിനും രാഷ്ട്രീയ പാർട്ടികൾക്കും പ്രവർത്തകർക്കും പൊതുജനങ്ങൾക്കുമായി പോലീസ് കർശന നിർദേശങ്ങൾ മുന്നോട്ടുവച്ചിട്ടണ്ട്.
പാർട്ടി പ്രവർത്തകർ പ്രകടനങ്ങളിൽ പങ്കെടുക്കുന്നത് നേതാക്കളുടെ കർശന നിയന്ത്രണത്തിൽ മാത്രമായിരിക്കണം. പ്രകടനം തുടങ്ങുന്ന സ്ഥലവും അവസാനിക്കുന്ന സ്ഥലവും സമയവും വഴിയും ബന്ധപ്പെട്ട പോലീസ് അധികാരികളുമായി മുൻകൂട്ടി ആലോചിച്ച് നിശ്ചയിക്കുകയും അത് കൃത്യമായി പാലിക്കുകയും വേണം. വോട്ടെണ്ണൽ ദിനത്തിൽ രാത്രി ഏഴിന് ശേഷം യാതൊരു തരത്തിലുള്ള പ്രകടനങ്ങളോ വിജയാഘോഷങ്ങളോ അനുവദിക്കില്ല. സമയപരിധി കർശനമായി പാലിക്കണം.
പൊതുസ്ഥലങ്ങളിലും റോഡുകളിലും മറ്റു പാർട്ടികളിലെ പ്രവർത്തകരുടെ വീടുകളുടെ സമീപത്തും പടക്കം പൊട്ടിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. പ്രവർത്തകർ മദ്യപിച്ചോ മറ്റു ലഹരിവസ്തുക്കളുടെ സ്വാധീനത്തിലോ പ്രകടനങ്ങളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നത് നേതാക്കൾ കർശനമായി തടയണം. മറ്റു പാർട്ടികളുടെ പ്രകടനങ്ങളിൽ പ്രവേശിക്കുന്നത് യാതൊരു കാരണവശാലും അനുവദനീയമല്ല.
ബൈക്ക് റാലികൾ അനുവദനീയമല്ല. നിയമലംഘനം നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും. മുൻകൂർ അനുമതി ഇല്ലാതെ ഡിജെ സംവിധാനങ്ങളോ ഉച്ചഭാഷിണികളോ ഉപയോഗിക്കാൻ പാടില്ല. ഉച്ചഭാഷിണികളുടെ ശബ്ദം അനുവദിച്ചിരിക്കുന്ന പരിധിയിൽ കവിയാൻ പാടല്ല.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവശേഷിക്കുന്ന എല്ലാ ഫ്ലക്സ് ബോർഡുകളും പോസ്റ്ററുകളും ഉടൻ നീക്കം ചെയ്യണമെന്നും ജില്ലാ പോലീസ് മേധാവി നിർദേശം നൽകി.
കളക്ടർ അർജുൻ പാണ്ഡ്യനും ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡിയും കാസർഗോഡ് ഗവ. കോളജിലെ വോട്ടെണ്ണൽ കേന്ദ്രം സന്ദർശിച്ച് ഒരുക്കങ്ങളും സുരക്ഷയും വിലയിരുത്തി. വരണാധികാരികളായ ലിപു എസ്. ലോറൻസ്, വി.പി. രഘുമണി എന്നിവരും ഉപവരണാധികാരികളും ഒപ്പമുണ്ടായിരുന്നു.